ആമുഖം

മദ്ധ്യകേരളജനതയുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കിയ മഹാത്മാഗാന്ധി സര്‍വ്വകലാശാല കേരളത്തിലെ അഫിലിയേറ്റിംഗ് സര്‍വ്വകലാശാലകളുടെ മുന്‍നിരയിലാണ്. കോട്ടയം നഗരത്തില്‍നിന്ന് പതിമൂന്നു കിലോമീറ്റര്‍ അകലെ നൂറ്റിപ്പത്തേക്കര്‍ ഭൂമിയില്‍ പരന്നു കിടക്കുന്ന പ്രിയദര്‍ശിനി ഹില്‍സ് കാമ്പസ്. 1983 ഒക്ടോബര്‍ 2-ാം തീയതി നിലവില്‍ വന്ന മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ അധികാരപരിധിയില്‍ കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നു. പതിനെട്ട് സ്റ്റാറ്റ്യൂട്ടറി ഡിപ്പാര്‍ട്ട്മെന്‍റുകളും ഒരു അന്താരാഷ്ട്ര അന്തര്‍സര്‍വ്വകലാശാലാ പഠനകേന്ദ്രവും ഏഴ് അന്തര്‍ സര്‍വ്വകലാശാല പഠന കേന്ദ്രവും പത്ത് ഇന്‍റര്‍ സ്കൂള്‍ സെന്‍ററുകളും മാതൃകാ പഠനകേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ട എട്ടു കോളേജുകളടക്കം എഴുപത്തിയേഴ് അഫിലിയേറ്റഡ് കോളേജുകുളും പത്ത് സ്വയംഭരണകോളേജുകളും, ഇരുന്നൂറില്‍  അധികം സ്വാശ്രയ കോളേജുകളും നൂറില്‍പരം അംഗീകൃത ഗവേഷണ കേന്ദ്രങ്ങളും ഉള്ള സര്‍വ്വകലാശാല ബിരുദ ബിരുദാനന്തര ഗവേഷണ തലത്തില്‍ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ നടത്തുന്നതില്‍ വ്യാപൃതമാണ്.

ശാസ്ത്ര, സാമൂഹികശാസ്ത്ര, മാനവിക വിഷയങ്ങളില്‍ ഇന്‍റര്‍ ഡിസിപ്ലിനറി കോഴ്സുകള്‍ ആസൂത്രണം ചെയ്തുകൊണ്ട്, പഠന ഗവേഷണ മേഖലകളില്‍ പുതിയൊരു പന്ഥാവ് വെട്ടിത്തുറന്ന മഹാത്മാഗാന്ധി സര്‍വ്വകലാശാല പ്രാരംഭ ദശയില്‍തന്നെ കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സവിശേഷമായ ഒരു സ്ഥാനം ആര്‍ജ്ജിച്ചെടുത്തു. വിഭിന്ന വൈജ്ഞാനിക മേഖലകളെ സമന്വയിപ്പിച്ചു കൊണ്ടുള്ള പാഠ്യപദ്ധതികളും സി.എസ്.എസ് സമ്പ്രദായവും ആവിഷ്ക്കരിച്ച് പഠിതാവിനെ കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഒരു പഠനസമ്പ്രദായം സര്‍വ്വകലാശാലയുടെ സ്റ്റാറ്റ്യൂട്ടറി ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ പ്രാരംഭകാലം മുതല്‍തന്നെ നിലവില്‍ വന്നു. പാഠ്യമേഖലയിലെ അതിനൂതനമായ വിജ്ഞാനങ്ങള്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ പാകത്തില്‍ വിവിധവൈജ്ഞാനിക മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു സമ്പ്രദായമാണ് സി.എസ്.എസ്.

ഏതെങ്കിലും പ്രത്യേക വൈജ്ഞാനിക മേഖലയുടെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തളംകെട്ടിക്കിടക്കുന്ന സാമ്പ്രദായിക വിദ്യാഭ്യാസ സങ്കല്‍പ്പത്തെ സമന്വയിപ്പിക്കുന്ന ഇന്‍റര്‍ ഡിസിപ്ലിനറി സമ്പ്രദായം സ്വീകരിച്ചതിനുപിന്നില്‍ പരമ്പരാഗത സമ്പ്രദായങ്ങള്‍ക്ക് സാധിക്കുന്നതിലുപരിയായ വൈജ്ഞാനികപ്രസരണം നടത്തുവാന്‍ ഈ രീതിയ്ക്ക് കഴിയുമെന്നുള്ള അടിസ്ഥാന വിശ്വാസത്തിന്‍റെ പുറത്തായിരുന്നു ഭൗതികശാസ്ത്ര, ജൈവശാസ്ത്ര, സാമൂഹികശാസ്ത്ര മേഖലകളുടെ പരസ്പര വിനിമയത്തിന് വഴിതുറക്കുന്ന ഇന്‍റര്‍ ഡിസിപ്ലിനറി സ്കൂളുകളായി സര്‍വ്വകലാശാലാ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ വിഭാവനം ചെയ്യപ്പെട്ടു. അങ്ങനെ വൈവിധ്യമാര്‍ന്ന വൈജ്ഞാനികമേഖലകളുടെ വിനിമയസാധ്യതകളിലൂടെ പുതിയൊരു വൈജ്ഞാനിക വിസ്ഫോടനത്തിനു വഴിതുറന്നിടുവാന്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് കഴിഞ്ഞു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചലനം സൃഷ്ടിച്ച ഈ കാഴ്ചപ്പാടിനെ അക്കാദമിക സമൂഹം നിറഞ്ഞമനസ്സോടെ സ്വീകരിക്കുകയുണ്ടായി.